എടത്വ: കേരളാ അസീസി ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചന്റെ 110-ാം ചരമവാർഷികാചരണവും ഫ്രാൻസിസ്കൻ അൽമായ സഭ ശതോത്തര സുവർണ ജ്യൂബിലി സമാപനവും എസ്എഫ്ഒ ചങ്ങനാശേരി അതിരൂപത വാർഷികവും ഞായറാഴ്ച രാവിലെ ഒന്പതുമുതൽ വൈകുന്നേരം നാലുവരെ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും.
11.30 നു നടക്കുന്ന പൊതുസമ്മേളനം മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. എസ്എഫ്ഒ അതിരൂപത പ്രസിഡന്റ് സിബിച്ചൻ സ്രാങ്കൻ അധ്യക്ഷതവഹിക്കും. ഫാ. മൈക്കിൾ പറുശേരി തൊമ്മച്ചൻ അനുസ്മരണം നടത്തും. പത്തിനു നടക്കുന്ന സെമിനാർ ഫാ. തോമസ് കാഞ്ഞിരക്കോണം നയിക്കും.
ഫാ. തോമസ് വെട്ടിക്കാലായിൽ, എൽസമ്മ സെബാസ്റ്റ്യൻ മരങ്ങാട്ട്, സിസ്റ്റർ അനറ്റ് ചാലങ്ങാടി, സിസ്റ്റർ ജിയോ മരിയ, പ്രമോദ് പി. ജോസഫ്, പ്രഫ. മാത്യു ജോർജ് വെള്ളാപ്പള്ളിപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു വിശുദ്ധ കുർബാന, സന്ദേശം-ഫാ. സെബാസ്റ്റ്യൻ ചുണ്ടക്കാട്ടിൽ. കബറിടത്തിങ്കൽ ഒപ്പീസ്. ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ ഏഴിനു വിശുദ്ധ കുർബാന, കബറിടത്തിങ്കൽ ഒപ്പീസ് എന്നിവ നടക്കും.